കാര്‍ട്ടൂണ്‍ കുലപതി
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേരില്‍ ലോകപ്രശസ്തനായ കേശവ
ശങ്കരപ്പിള്ള 1902 ജൂലൈ 31ന് കായംകുളത്ത് ജനിച്ചു. സ്വാതന്ത്ര്യത്തിനു
മുമ്പും ശേഷവും ഇന്ത്യ കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍.
1927ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് ബിരുദമെടുത്തശേഷം,
അദ്ദേഹം ബോംബെയില്‍ പോയി നിയമപഠനത്തിന് ചേര്‍ന്നുവെങ്കിലും പഠനം
തുടര്‍ന്നില്ല. ബോംബെയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ
നേരമ്പോക്കിനുവേണ്ടി അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു. രാഷ്ട്രീയ
നേതാക്കളെയും ദേശീയ പ്രശ്നങ്ങളെയും വിഷയമാക്കിയുള്ള അദ്ദേഹത്തിന്‍െറ
കാര്ട്ടൂണുകള് വര്‍ത്തമാനപത്രങ്ങളെയും പൊതുജനങ്ങളെയും വളരെയധികം
ആകര്‍ഷിച്ചിരുന്നു. അധികം താമസിയാതെ ശങ്കര്‍ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ എന്ന
പത്രത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുകയും 1932
മുതല്‍ 1946 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത്
അദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവനകള്‍ ഇന്ത്യന്‍ പത്രലോകത്ത് എക്കാലവും
ഓര്‍മിക്കപ്പെടേണ്ടവയാണ്. 1948ലാണ് അദ്ദേഹം ‘ശങ്കേഴ്സ് വീക്കിലി’
തുടങ്ങിയത്. ക്രിയാത്മകമായ വിമര്‍ശവും തിളക്കമാര്‍ന്ന ഹാസ്യവുമായിരുന്നു
ശങ്കറിന്‍െറ കാര്‍ട്ടൂണുകളുടെ സവിശേഷത. 1975 ആഗസ്റ്റില്‍ ‘ശങ്കേഴ്സ്
വീക്കിലി’യുടെ പ്രസിദ്ധീകരണം ശങ്കര്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
പിന്നീട് അദ്ദേഹം ‘ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റി’ന്‍െറ വിവിധ
പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1957ല്‍ ശങ്കര്‍ സ്ഥാപിച്ചതാണ്
‘ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ്.’
1956ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍, 1976ല്‍ പത്മവിഭൂഷണ്‍, 1977ല്‍
പോളണ്ടിലെ കുട്ടികളുടെ കമ്മിറ്റി നല്കുന്ന ബഹുമതിയായ ഓര്‍ഡര്‍ ഓഫ്
സ്മൈല്‍, 1979ല്‍ കനേഡിയന്‍ പുരസ്കാരം, 1980ല്‍ ഹംഗറിയില്‍നിന്നുള്ള
പുരസ്കാരം, എന്നിങ്ങനെ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ
ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടായിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശങ്കറിന്‍െറ
ആത്മമിത്രമായിരുന്നു. മറ്റാരോടും തോന്നാത്ത ആരാധനയും സ്നേഹവും ബഹുമാനവും
ശങ്കറിന് നെഹ്റുവിനോടുണ്ടായിരുന്നു. എന്നാല്‍, നെഹ്റുവിന്‍െറ കടുത്ത
വിമര്ശകന് ശങ്കറായിരുന്നു! ശങ്കര്‍ വരച്ച ആയിരക്കണക്കിന്
കാര്‍ട്ടൂണുകളില്‍ ഭൂരിഭാഗവും നെഹ്റുവിനെ കഠിനമായി
വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. വിശാലമനസ്കനായിരുന്ന നെഹ്റു ആ
കാര്ട്ടൂണുകള് ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല, ശങ്കറിനെ
അഭിനന്ദിക്കുകയും ‘ശങ്കര്‍, താങ്കള്‍ എന്നെ ഒരിക്കലും വിടരുത്’ എന്നു
പറയുകയും ചെയ്തിരുന്നു! ശങ്കര്‍ അവശനായി രോഗശയ്യയില്‍ കിടന്നിരുന്ന
അവസരത്തില്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന നിരവധി കുട്ടികള്‍ക്ക്,
കിടന്നകിടപ്പില്‍ അദ്ദേഹം ഒരേ ചിത്രമേ വരച്ചുകൊടുത്തിട്ടുള്ളൂ,
നെഹ്റുവിന്‍െറ! ദല്‍ഹി സര്‍വകലാശാല ഡി-ലിറ്റ് നല്കി ബഹുമാനിച്ച, ഇന്ത്യന്‍
കാര്‍ട്ടൂണ്‍ കലയുടെ കുലപതിയായ ശങ്കര്‍ 1989 ഡിസംബര്‍ 26ന് അന്തരിച്ചു.